മെബിൻ ജോൺ
കേരളത്തിലെ മാര്‍ത്തോമനസ്രാണി സമൂഹത്തിന്റെ അതിപുരാതനമായ പള്ളികളില്‍ ഒന്നാണ് മുട്ടുചിറ റൂഹാ ദ കുദിശാ ഫൊറാനാ പള്ളി. ഈ പള്ളിയില്‍ ഇന്ത്യയിലെ നസ്രാണി സമൂഹത്തിന്റെ ചരിത്രം വിളിച്ചോതുന്ന ധാരാളം അതി പുരാതന ശേഷിപ്പുകളും, തെളിവുകളുമുണ്ട് . അതില്‍ ഏറ്റവും പ്രധാനമാണ് മുട്ടുചിറയിലെ പഴയ പള്ളിയുടെ മദ്ബഹയില്‍ നിന്നും ലഭിച്ച അഞ്ചാം നൂറ്റാണ്ടിലെ മാര്‍ത്തോമാ സ്ലീവ. എന്നാല്‍ ഈ മാര്‍ത്തോമ്മാ സ്ലീവയെ കൂടാതെ, ഇവിടെ നിന്നും അധികമാരും തിരിച്ചറിയപ്പെടാത്ത അതി പുരാതനമായ മറ്റൊരു മാര്‍ത്തോമാ സ്ലീവ കൂടി കണ്ടെടുത്തിട്ടുണ്ട്. പള്ളിയുടെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചു പോരുന്ന വെങ്കലത്തില്‍ നിര്‍മിച്ച അതി പുരാതനാമായ ഈ സ്ലീവാ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. നസ്രാണികള്‍ പൌരാണിക കാലം മുതല്‍ക്കേ തങ്ങളുടെ തിരുന്നാള്‍ പ്രദക്ഷിണതിനായി പുഷ്പിത സ്ലീവയാണ് ഉപയോഗിച്ചിരുന്നതെന്ന് പല ചരിത്ര രേഖകളിലും കാണാം . ആ പരാമര്‍ശങ്ങളുടെ വ്യെക്തമായ തെളിവാണ് മുട്ടുചിറയിലെ ഈ സ്ലീവ. ഈ സ്ലീവയെപ്പറ്റി പരാമര്‍ശിക്കുന്ന പ്രധാനരേഖ 1936- ല്‍ ജെസ്യുട്ട് ചരിത്ര കാരനായിരുന്ന റവ ഹോസ്ട്ടന്‍ തയ്യാറാക്കിയ 'Antiquities of San Thome and Mailappore' എന്ന പുസ്തകത്തിനുള്ളിലാനുള്ളത്. അതില്‍ ഇപ്രകാരമാണ് രേഖപെടുത്തിയിരിക്കുന്നത്, മുട്ടുചിറയിലെ മുന്‍ വികാരിയായിരുന്ന ഫാ ജോസഫ് പീടിയിക്കലിന്റെ കത്ത് പ്രകാരം, പൊളിച്ചു മാറ്റിയ പഴയ പള്ളിയില്‍ പണ്ട് പ്രദക്ഷിണതിനായി വെള്ളിയില്‍ പൊതിഞ്ഞ, അലങ്കാര പണികളോട് കൂടിയ മാര്‍ത്തോമാ സ്ലീവ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ സ്ലീവയിലെ വെള്ളി 1919 ല്‍ പൊളിച്ചു മാറ്റി ഉരുക്കുകയും, അതിനുള്ളില്‍ ഉണ്ടായിരുന്ന വെങ്കല രൂപം മാത്രം അവശേഷിക്കുകയുമായിരുന്നു. കത്തനാരുടെ സാക്ഷ്യം പ്രകാരം ആ സ്ലീവയില്‍ മറ്റു എഴുത്തുകളൊന്നും ഇല്ലായിരുന്നു. ചരിത്രകാരനായ T. K ജോസഫും ഇത് സാക്ഷ്യപ്പെടുതുന്നുണ്ട്. ജോര്‍ജ് പി മുരിക്കലും (മുരിക്കന്‍ ?) ഇതേ പറ്റി കാത്തലിക്ക് ഹെറാള്‍ഡില്‍ വിവരിക്കുന്നതും രേഖപ്പെടുത്തിയ ചരിത്രമാണ് (21.10.1925) . ഈ വെള്ളിയില്‍ തീര്‍ത്ത സ്ലീവയുടെ ഒരു സ്കെച് പീടിയിക്കല്‍ കത്തനാര്‍ തനിക്കു സമ്മാനിച്ചതയും ഹോസ്ട്ടന്‍ രേഖപെടുത്തുന്നു. ഇന്ന് നമുക്ക് മുന്‍പില്‍ അവശേഷിക്കുന്നത് വെള്ളി പൊതിഞ്ഞ സ്ലീവയുടെ ഉള്ളില്‍ ഉണ്ടായിരുന്ന വെങ്കലത്തില്‍ തീര്‍ത്ത ഫ്രെയിം മാത്രമാണ്. അതിപ്പോഴും പള്ളിയുടെ നിലവറയില്‍ ഭദ്രമായി സൂക്ഷിച്ചു പോരുന്നു. ആ വെങ്കല രൂപത്തില്‍ വെള്ളി പൊതിയാന്‍ ഉണ്ടാക്കിയ പരിക്കുകളും നമുക്ക് വ്യെക്തമായി കാണാന്‍ സാധിക്കും. ചരിത്ര പശ്ചാത്തലം കേരളത്തിലെ നസ്രാണികളുടെ പള്ളികളുടെ മദ്‌ബഹായിൽ മാർത്തോമാ സ്ലീവ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് വെക്തമായ രേഖകള്‍ നമുക്കുണ്ട്. അത് പോലെ സ്ലീവാ കേന്ദ്രീകൃതമായ ജീവിതം നയിച്ചിരുന്ന നസ്രാണികള്‍ തിരുന്നാള്‍ പ്രദക്ഷിണതിനായും മാര്‍ത്തോമാ സ്ലീവയാണ് ഉപയോഗിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഇവിടെ എത്തിയ പോര്‍ച്ചുഗീസ് റോമന്‍ കത്തോലികാ മിഷിനറിമാര്‍ ബലമായി നസ്രാണികളെ പാശ്ചാത്യവത്കരിക്കാൻ ശ്രമിക്കുകയും അതേ തുടര്‍ന്നുണ്ടായ ചരിത്ര സംഭവങ്ങളും നമുക്കറിയാവുന്നതാണ് . തുടക്കത്തില്‍ മാര്‍ത്തോമാ സ്ലീവയെ വണങ്ങിയിരുന്ന പോര്‍ച്ചുഗീസ് മിഷിനറിമാര്‍ പിന്നീട് മാര്‍ത്തോമാ സ്ലീവയില്‍ പാഷണ്ടത ആരോപിക്കുകയും നശിപ്പിക്കുകയുമായിരുന്നു. പുരാതനമായ സ്ലീവകള്‍ കണ്ടെടുത്ത മറ്റു സ്ഥലങ്ങളിലെ പോലെ മുട്ടുചിറ പഴയ പള്ളിയിലെ സ്ലീവയും ഭിത്തിയില്‍ മറച്ചു വെച്ച നിലയിലാണ് കണ്ടെത്തിയത്. വെള്ളിയില്‍ തീര്‍ത്തിരുന്ന മാര്‍ത്തോമാ സ്ലീവയും പോര്‍ച്ചുഗീസ് മിഷിനറിമാരുടെ സ്വാധീനത്താല്‍ നിലവറയിലെക്ക് തള്ളപ്പെടുകയും, പത്തൊമ്പതാം നൂറ്റാണ്ടില്‍ സമുദായം അഭിമുഖീകരിച്ച ദാരിദ്രം നിമിത്തം അതില്‍ പൊതിഞ്ഞിരുന്ന വെള്ളി ഉരുക്കപ്പെടുകയുമായിരുന്നു . പിന്നീട് സ്ലീവയുടെ സ്ഥാനത് മിഷിനറിമാര്‍ പരിചിതമാക്കിയ രൂപങ്ങള്‍ ഉപയോഗിക്കുകയുമായിരുന്നു . നസ്രാണികള്‍ പ്രബലമായ സാമ്പത്തിക ശക്തികളായിരുന്ന സമയത്താണ് നമ്മുടെ പള്ളികളില്‍ വെള്ളി , സ്വര്‍ണ്ണ സ്ലീവകള്‍ നിര്‍മിച്ചിരുന്നത് .അതിനാല്‍ തന്നെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സ്ലീവയെപ്പറ്റിയും കാര്യമായ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ . മാര്‍ട്ടിന്‍ തോമസ് ആന്റണി മല്പാനേ മല്പാൻ കൂനന്മാക്കല്‍ തോമാ കത്തനാര്‍ റവ. ഹോസ്ട്ടന്‍ (Antiquities of San Thome and Mailappore)
Comments