ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണി സമൂഹത്തിൽ നില നിന്നിരുന്ന സ്ലീവായുടെ ഉപയോഗം പ്രധാനമായും മൂന്ന് വിധത്തിലായിരുന്നു. പള്ളിയിലെ അതിവിശുദ്ധ സ്ഥലമായ മദ്ബഹായിൽ, പള്ളിയ്ക്ക് നേരെ മുൻപിൽ കരിങ്കല്ല് സ്ലീവാ, ശരീരത്തിൽ ധരിച്ചിരുന്ന സ്ലീവാകൾ.
മാർത്തോമ്മാ നസ്രാണികളുടെ പള്ളികളിൽ അതി വിശുദ്ധ സ്ഥലമായ മദ്ബഹായുടെ കേന്ദ്ര സ്ഥാനം അലങ്കരിച്ചിരുന്നത് ഇന്ന് "മാർത്തോമ്മാ സ്ലീവാകൾ" എന്നറിയപ്പെടുന്ന പുഷ്പിത സ്ലീവാകളായിരുന്നു.
നാഥനിലെന്നും നമ്മുടെ ഹൃദയം ആനന്ദിച്ചീടും സ്ലീവ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം. രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ കുരിശിത് ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം. ദുഷ്ടനെയും അവൻ കെണികളുമതുവഴി നാം വിജയിച്ചിടട്ടെ."
പൌരസ്ത്യ സഭകൾക്ക് സ്ലീവായോടുള്ള ഭക്തിയും വണക്കവും വളരെ വലുതായിരുന്നു. രക്ഷകനായ മിശിഹായുടെ വിജയക്കൊടിയായ സ്ലീവ നസ്രായർക്ക് പ്രത്യാശയുടെ അടയാളമായി. സ്ലീവായുടെ പരസ്യമായ വണക്കം 4 ആം നൂറ്റാണ്ടിൽ മിശിഹാ മരിച്ച സ്ലീവായുടെ ശേഷ്പുകൾ ഹെലേന രാജ്ഞി കണ്ടെടുക്കുന്നതോടും കോണ്‍സ്ടന്റൈൻ ചക്രവർത്തി സഭയ്ക്ക് സ്വാതന്ത്ര്യം നല്കിയതോടും കൂടെ ആണെങ്കിലും സ്ലീവായുടെ രഹസ്യമായ ഉപയോഗം അതിനു മുൻപും ഉണ്ടായിരുന്നു. ഇറാഖിൽ നിന്നും കണ്ടെടുത്ത രണ്ടാം നൂറ്റാണ്ടിലെ കല്ലറകളിൽ സ്ലീവ ആലേഘനം ചെയ്യപ്പെട്ടിരുന്നു. ആദിമ സഭ സ്ലീവായെ, സ്ലീവായിൽ മരിച്ച് ഉയർത്തെഴുന്നേറ്റ മിശിഹായുടെ, വിജയത്തിന്റെ അടയാളമായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ സ്ലീവായിൽ തൂങ്ങികിടക്കുന്ന ഈശോയെ അവർ ചിത്രീകരിച്ചിരുന്നില്ല. ശൂന്യമായ സ്ലീവായും ശൂന്യമായ കല്ലറയും അവർക്ക് ഉദ്ധിതന്റെ പ്രതീകം ആയിരുന്നു. കാലക്രമത്തിൽ ഓരോ സഭകളിലും പ്രാദേശിക തനിമയോടെ സ്ലീവാകൾ രൂപംകൊണ്ടു. എന്നാൽ അലങ്കാരങ്ങളിൽ വ്യത്യസ്തതകൾ ഉണ്ടെങ്കിലും കേന്ദ്ര ഭാഗമായ- ശൂന്യമായ പുഷ്പിത സ്ലീവ- പൊതുവായി എല്ലായിടത്തും കാണാൻ സാധിക്കും. ആറാം നൂറ്റാണ്ടിൽ തന്നെ പൌരസ്ത്യർ മദ്ബഹയുടെ കിഴക്കേ ഭിത്തിയിൽ സ്ലീവാ സ്ഥാപിച്ചു വണങ്ങിയിരുന്നു. എന്നാൽ ലത്തീൻ സഭയിൽ ഈ പതിവ് ആരംഭിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷമാണ്. ഭാരത സഭയുടെ വിശ്വാസത്തിലും പാരമ്പര്യങ്ങളിലും ഭാരതീയ ശില്പകലയിലും ജന്മം കൊണ്ടതാണ് മാർ തോമ സ്ലീവാകൾ എന്ന് അറിയപ്പെടുന്ന ശൂന്യമായ പുഷ്പിത സ്ലീവാകൾ. മാർ തോമാ നസ്രാണികളുടെ സ്ലീവാ എന്ന നിലയിലാണ് മാർ തോമാ സ്ലീവ എന്ന പേരുവന്നത്. മാർ തോമാ സ്ലീവാകൾ രചിക്കപ്പെട്ടത് ആറ്- ഏഴ് നൂറ്റാണ്ടുകളിൽ ആണെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു. ഭാരതത്തിൽ മൈലാപൂർ, ഗോവ, ആലങ്ങാട്ട്, മുട്ടുചിറ, കോതനല്ലൂർ, കടമറ്റം, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് പുരാതന സ്ലീവാകൾ കണ്ടെടുത്തിട്ടുണ്ട്. കാശ്മീരിലെ ലഡാക്കിൽ എട്ടാം നൂറ്റാണ്ടിലേതെന്നു അനുമാനിക്കുന്ന സ്ലീവായുടെ കൊത്തുപണികളും പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും MST വൈദികർ കണ്ടെത്തുകയുണ്ടായി. ഗോവയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന (മാർ തോമാ ശ്ലീഹ രക്തസാക്ഷിത്വം വരിച്ച കുന്തത്തിന്റെ മുന സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിച്ചിരുന്ന) കൽതൂണിൽ സ്ലീവ കൊത്തിവച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മെത്രാപൊലീത്തൻ പള്ളിയങ്കണത്തിലെ പഴയ പള്ളിയിൽ പതിനാലാം നൂറ്റാണ്ടിലെ സ്ലീവ കാണാൻ സാധിക്കും. പുരാതന നസ്രായ ഭവനങ്ങളിലും സ്ലീവ കൊത്തിവച്ചിരിന്നു. മിഷനറിമാരുടെയും സഞ്ചാരികളുടെയും വിവരണങ്ങളിൽ നിന്ന് നസ്രാണികളുടെ എല്ലാ പള്ളികളിലും മാർ തോമാ സ്ലീവായെ മദ്ബഹായിൽ പ്രതിഷ്ടിച്ച് ആധരപൂർവ്വം വണങ്ങിയിരുന്നു എന്ന് കാണാൻ സാധിക്കും, ഉധയമ്പെരൂർ സൂനഹദോസ് വിളിച്ചുകൂട്ടിയ ഗോവ മെത്രാപൊലീത്ത അലക്സാണ്ടർ മെനെസിസ്സിന്റെ ചരിത്രകാരാൻ അന്റോണിയോ ഗുവായുടെ "ജൊർനാദൊ" എന്ന ഗ്രന്ഥത്തിൽ നസ്രായരുടെ പള്ളികളിൽ മൈലാപൂരിൽ മാർ തോമാ ശ്ലീഹ രക്തസാക്ഷിത്വം വരിച്ച സ്ഥലത്തുനിന്നു കണ്ടെടുക്കപ്പെട്ട മാർ തോമാ സ്ലീവയൊടു സാമ്യമുള്ള സ്ലീവാകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് രേഖപെടുത്തിയിരിക്കുന്നു. മറ്റൊരു അവസരത്തിൽ നസ്രായർ സ്ലീവായൊടു വളരെയധികം ഭക്തി ഉള്ളവരാണെന്നും ഈ ഭക്തി എന്ന് തുടങ്ങി എന്ന് നിശ്ചയമില്ലെന്നും എന്നാൽ മൈലാപ്പൂരിലെ അത്ഭുത സ്ലീവ കണ്ടെടുക്കുന്നതിനും വളരെ മുമ്പേ ഉണ്ടായിരുന്നതാണെന്നും ഗുവായോ വിവരിക്കുന്നു. സ്ലീവാ അടയാളം വരയ്ക്കുന്നത് തന്നെ നസ്രായർക്ക് ഒരു കൂദാശയായിരുന്നു. സ്ലീവായിലും സ്ലീവാ അടയാളത്തിലും സകലതും വിശുധീകരിക്കുന്ന ജീവിതമായിരുന്നു നസ്രായരുടെത്. സ്ലീവായോടുള്ള ബഹുമാനാധരവുകൾ വിളിച്ചു പറയുന്ന മനോഹാരമായ കർമ്മമാണ് റാസാ കുർബ്ബാനയിലെ സ്ലീവാ ചുംബനം. സ്ലീവായുടെ ഉപയോഗം നസ്രായരുടെ ഇടയിൽ മൂന്നു വിധത്തിൽ ആയിരുന്നു. ഒന്നാമതായി നസ്രായ പുരുഷന്മാർ കുടുമിയിലും സ്ത്രീകൾ കഴുത്തിലെ മാലയിലും സ്ലീവ അണിഞ്ഞിരുന്നു. സ്വർണം, വെള്ളി, തടി മുതലായവയിൽ തീർത്ത സ്ലീവാകൾ ആയിരുന്നു അവ. രണ്ടാമതായി നമ്മുടെ പള്ളികളുടെ നേരെ മുൻപിലായി വലിയ കരിങ്കൽ സ്ലീവാകൾ സ്ഥാപിച്ചിരുന്നു. ഇന്നും നമ്മുടെ പുരാതന പള്ളികളിൽ 14-15 നൂറ്റാണ്ടുകളിലെ കരിങ്കൽ സ്ലീവാകൾ കാണാൻ സാധിക്കും. മൂന്നാമത്തെതാണ് മാർ തോമാ സ്ലീവാകൾ എന്നറിയപ്പെടുന്ന പുഷ്പിത സ്ലീവാകൾ. ഇവ സ്ഥാപിക്കപ്പെട്ടിരുന്നത് പള്ളിക്കകത്ത് അതിവിശുദ്ധ സ്ഥലമായ മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ കേന്ദ്രഭാഗത്ത് ആയിരുന്നു. ഇതിൽ നിന്നു തന്നെ നസ്രായർക്ക് മാർ തോമാ സ്ലീവായോടുള്ള ബഹുമാനാധരവുകൾ എന്തുമാത്രം ആയിരുന്നുവെന്നു നമ്മുക്ക് മനസ്സിലാക്കാം. "ശരണം ഞങ്ങൾ തേടീടൂന്നു തിരുനാമത്തിൽ സ്ലീവ നമ്മൾക്കെന്നും നന്മകൾ തന്നുറവിടമാം. രക്ഷിതമായതു വഴിയായ് മർത്യഗണം കർത്താവേ കുരിശിത് ഞങ്ങൾക്കെന്നും ശക്തിയെഴും കോട്ടയുമാം. ദുഷ്ടനെയും അവൻ കെണികളുമതുവഴി നാം വിജയിച്ചിടട്ടെ.." (സ്ലീവാ ചുംബനം: സിറോ മലബാർ സഭയുടെ റാസാ കുർബാന )
Comentários