top of page

മാർ ഗബ്രിയേൽ


ഡച്ചു ചാപ്ലയിനും സഞ്ചാരസാഹിത്യകാരനുമായ ജെക്കോബ്സ് കാൻറർ വിഷർ രചിച്ച Letters from Malabar എന്ന വിഖ്യാതകൃതിയുടെ വായനയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ കോട്ടയം സന്ദർശനം വിവരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. AD 1719ൽ പഴയ കോട്ടയം നഗരത്തിൽ എത്തിയപ്പോൾ അവിടെ കുന്നിൻമുകളിലുള്ള ഒരു കൃസ്ത്യൻ പള്ളി ( ചെറിയപള്ളി) സന്ദർശിച്ചുവത്രെ. അവിടെ മാർ ഗബ്രിയേൽ എന്ന ശീമക്കാരനായ മെത്രാനെയും നേരിൽ കണ്ടു സംസാരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.


കാൻറർ വിഷറുടെ കോട്ടയം സന്ദർശനം കേരളത്തിലെ ക്രൈസ്തവർക്കിടയിലെ സഭാനവീകരണ സാധ്യതകൾ മനസിലാക്കുക എന്നതു തന്നെയായിരുന്നു. ബാബിലോണിയയിലെ പാത്രിയർക്കീസിന്റെ നിയോഗത്താൽ AD 1705 ൽ കൊച്ചിയിൽ കപ്പലിറങ്ങി 25 വർഷത്തോളം കേരളത്തിൽ കഴിയുകയും AD1730 ൽ കോട്ടയത്ത് വച്ച് കാലം ചെയ്ത് ചെറിയപള്ളിയിൽ അടക്കം ചെയ്യപ്പെടതുമായ കൽദായ (നെസ്തോറിയൻ) മെത്രാപ്പോലീത്തയാണ് മാർ ഗബ്രിയേൽ. ഈ ബിഷപ്പിനെ സന്ദർശിച്ച് നിലപാടുകൾ വ്യക്തമാക്കുകയായിരുന്നു മുഖ്യലക്ഷ്യം.


കോട്ടയത്തെ വടക്കുംഭാഗക്കാരായ നസ്രാണികളുടെ മുഖ്യ ദേവാലയമായിരുന്ന ചെറിയപള്ളിയിലെ മേൽപ്പട്ടസ്ഥാനം മാർ ഗബ്രിയേലിനായിരുന്നു. അക്കാലത്ത് കേരളത്തിൽ പൊതുവേ നെസ്തോറിയൻ കാഴ്ചപ്പാട് ദുർബലപ്പെടുകയും ഒരുവശത്ത് ഈശോസഭയിലൂടെ ലത്തീൻ കത്തോലിക്ക സ്വാധീനവും മറുവശത്ത് കർമ്മലീത്തക്കാരുടെ റോമൻ കത്തോലിക്ക സ്വാധീനവും പരക്കെ മേൽക്കൈ നേടുകയും ചെയ്തു. എന്നാൽ കത്തോലിക്ക ഇതര പാരമ്പര്യവാദികൾ പടിഞ്ഞാറൻ സിറിയയിലെ അന്തോഖ്യ പാത്രിയാർക്കീസിന്റെ കീഴിലുള്ള യാക്കോബായ നിലപാടുകളിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. മാർ ഗബ്രിയേലിന് ബാബിലോണിയയിലുള്ളതുപോലെ തന്നെ അന്ത്യോഖ്യൻ പാത്രിയാർക്കീസിലും മാർപ്പാപ്പയിലും നല്ല പിടിയുണ്ടായിരുന്നു. അതു മാത്രമല്ല മധ്യപൗരസ്ത്യ ദേശത്ത് അദ്ദേഹം ആരാധ്യനുമായിരുന്നു.
കൊച്ചിയിലെത്തി ചുരുക്കം നാളുകൾകൊണ്ട് മലയാളം വശമാക്കിയ മെത്രാൻ നമ്മുടെ പാരമ്പര്യശാസ്ത്രങ്ങളെ കുറിച്ചും അറിവു സമ്പാദിച്ചു. AD 1708ൽ തെക്കുംകൂറിലേയ്ക്ക് ക്ഷണിക്കപ്പെട്ട മാർ ഗബ്രിയേലിനെ ചങ്ങനാശ്ശേരിയിലെ പുഴവാത് മെത്രാപ്പോലീത്ത പള്ളിയിൽ മേല്പട്ടക്കാരനായി നിയോഗിച്ചു. അക്കാലത്തിനുള്ളിൽ കത്തോലിക്ക സ്വാധീനം വർദ്ധിച്ച അവിടെ ഈ ബിഷപ്പിന്റെ കൽദായ ആരാധനക്രമങ്ങളും കുർബാനയും അസ്വീകാര്യമായി മാറി. അക്കാലത്ത് മാർ ഗബ്രിയേലുമായി ഭൂരിപക്ഷം വരുന്ന ഇടവകക്കാർ ഇടയാനും ഇടയായി. മാർ ഗബ്രിയേൽ ചങ്ങനാശ്ശേരിയിൽ തിരസ്കൃതനായി തീർന്നതോടെ കാര്യങ്ങൾ വ്യക്തമായി അറിയാമായിരുന്ന തെക്കുംകൂറിലെ ഉദയ മാർത്താണ്ഡവർമ്മ (ഭരണവർഷം 1691-1717) കോട്ടയത്തേയ്ക്ക് ആനയിച്ച് ചെറിയപള്ളിയിൽ മേൽപ്പട്ട സ്ഥാനത്ത് ഇരുത്തുകയായിരുന്നു.


ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്തെ എല്ലാ വിഭാഗം ജനങ്ങളുടേയും ആരാധ്യപുരുഷനായി മാർ ഗബ്രിയേൽ മാറി. അസാധാരണമായ ആത്മീയപ്രഭാവം പുലർത്തിയ ബിഷപ്പ് പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്നതായി വാമൊഴിയായി കേട്ടിട്ടുണ്ട്. സാധാരണ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചിരുന്നു. ഉദയ മാർത്താണ്ഡവർമ്മയും പിൻഗാമി ആദിത്യവർമ്മയും (ഭരണവർഷം AD 1717-1749) ബിഷപ്പ് ഗബ്രിയേലിനെ ഗുരുവായി ആദരിച്ചിരുന്നു.


എന്നാൽ മലങ്കര സുറിയാനി സഭയിൽ അന്ത്യോഖ്യൻ മെത്രാന്മാരുടെ സ്വാധീനം വർദ്ധിച്ചതോടെ നാലാം മാർത്തോമാ മെത്രാപ്പോലീത്ത ബിഷപ്പിനെ നെസ്തോറിയൻ പാഷാണ്ഡതയുടെ വക്താവ് എന്ന ആരോപിച്ച് പുറത്താക്കാനുള്ള ശ്രമങ്ങൾ നടത്തി. അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെയും മാർപ്പാപ്പയുടെയും ആശീർവാദം ബിഷപ്പ് ഗബ്രിയേലിന് തുടർന്നും ഉണ്ടായതിനാൽ അദ്ദേഹത്തിന് സ്ഥാനചലനം ഉണ്ടായില്ല. AD 1730 ൽ മാർ ഗബ്രിയേൽ കാലം ചെയ്തു. കോട്ടയം ചെറിയപള്ളിയിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം കബറടക്കി.

Courtesy: Kottayam Nattukoottam

62 views0 comments

Comments


bottom of page